rajasooyam

Friday, December 10, 2010

ഗ്യാസ് ട്രബ്ള്‍

പതിവില്ലാത്തവിധം വലതുകൈ വല്ലാതെ കുടഞ്ഞുകൊണ്ടുകേറിവരുന്ന സഹരാജന്‍ നായരെ കണ്ടപ്പോള്‍ ലക്ഷ്മിക്കുട്ടിയമ്മ പരിഭ്രമത്തോടെ ചോദിച്ചു:
-എന്തു പറ്റി?
-ഏയ്. ഒന്നൂല്ല്യ. നീ അല്പം കര്‍പ്പൂരാദി തൈലമിങ്ങെടുക്ക്. ഉള്ളംകൈക്ക് വല്ലാത്തൊരു
പുകച്ചില്...
-എന്നാലും എന്താണെന്നൊന്ന് പറയൂന്നേയ്.
-ഒന്നൂല്ല്യന്നേയ്. സെയ്ഫ്ഗ്യാസിന്റെ സൈഡ് ഇഫെക്റ്റാണ്.
-ഇതാപ്പൊ നന്നായെ. ഗ്യാസ് കാരണം വയറ്‌വേദന തലവേദന എന്നൊക്കെ കേട്ടിട്ടുണ്ട്. ഗ്യാസ്
കാരണം കൈപൊകച്ചില്ന്ന് ആദ്യായിട്ട് കേക്ക്വാണ്.
-അതല്ലാന്ന്. ഗ്യാസ് ലീക്കാവണത് തടയാനുള്ള 'സെയ്ഫ് ഗ്യാസ്' വാങ്ങിച്ചോണ്ടുവരാന്‍ നീ
പറഞ്ഞിരുന്നില്ലേ. ഞാന്‍ ഇന്ന് അതങ്ങ് വാങ്ങിച്ചു.
-ഓക്കെ. പക്ഷേ അതും ഉള്ളംകൈയിലെ പൊകച്ചിലും തമ്മില്‍ എന്താ ബന്ധം?
-കഷ്ടകാലത്തിന് ഞാന്‍ ആ സാധനം അസോസിയേഷന്‍ ഹാളില്‍ ഒന്നു കൊണ്ടുപോയി.
പിന്നത്തെ കോലാഹലമൊന്നും പറയണ്ട കുട്ട്യേയ്. പ്രായഭേദമെന്യേ സകലരും കേറിയങ്ങ്
അഭിപ്രായം പറയാന്‍ തൊടങ്ങി. അത് പക്ഷേ സഹിക്കാമായിരുന്നു. ചോദ്യങ്ങളുടെ
ശരമാരിയായിരുന്നു അസഹനീയം.
-ഇതില്‍ ഇത്രമാത്രം ചോദിക്കാനെന്തിരിക്കുന്നു
-ദാ കേട്ടോളൂ: എവിടെന്നാ വാങ്ങിച്ചത്? എന്ത് വെലയായി? ബിപിഎല്‍കാര്‍ക്ക്
സബ്‌സിഡീണ്ടൊ? രണ്ടെണ്ണം വാങ്ങിച്ചാ ഒരെണ്ണം ഫ്രീയുണ്ടോ? സിലിണ്ടറിന്റെ അകത്താണോ
പൊറത്താണോ ഫിറ്റ് ചെയ്യേണ്ടത്? സാധനം മെയ്ഡിന്‍ ആണോ? ആണെങ്കില്‍ എവിടത്തെ
മെയ്ഡിനാണ്? വാങ്ങാന്‍ റേഷന്‍ കാര്‍ഡ് കൊണ്ടുപോണോ? ഐഎസ്‌ഐ മുദ്രയുണ്ടോ?
ഒരാള്‍ക്ക് എത്രയെണ്ണം കിട്ടും? ഫിറ്റ് ചെയ്യാന്‍ എടത്തോട്ടാണോ വലത്തോട്ടാണോ
തിരിക്കേണ്ടത്? ഇന്‍ഷൂറന്‍സ് കവറേജുണ്ടോ?.......ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുപറഞ്ഞ്
എന്റെ ക്ഷമേടെ നെല്ലിക്കപ്പടി കണ്ടു. അന്നേരമാണ് എന്‍ബി പരമേശ്വരന്‍ ആ കൊനുഷ്ഠ്
ചോദ്യം എഴുന്നള്ളിക്കുന്നത്. അതു കേട്ടതും എന്റെ സകല നിയന്ത്രണവും പോയി. ഒരു
സെക്കന്‍ഡിന്റെ പത്തിലൊരംശത്തിലായിരിക്കണം അതു സംഭവിച്ചത്. എന്റെ
തലയ്ക്കകത്തുനിന്ന് ഒരു കൊള്ളിയാന്‍ വലതുകൈയിലൂടെ പാഞ്ഞതുമാത്രം
ഓര്‍മ്മയുണ്ട്……..അതു ചെന്നുനിന്നത് എന്‍ബീടെ ഇടതുകരണത്താണെന്ന്
പിന്നീടാണറിഞ്ഞത്!
-ഈശ്വരാ! നിങ്ങള്‍ടെ കണ്‍ട്രോള് വിടാന്‍ മാത്രം എന്തു ചോദ്യമാണ് എന്‍ബി ചോദിച്ചത്?
-' അതേയ്, ഈ സാധനം ഫിറ്റ് ചെയ്താ അറ്റ കൈയ്ക്ക് രണ്ടു ദിവസം ഗ്യാസില്ലേലും സ്റ്റൗ
കത്തിക്കാന്‍ പറ്റ്വോ? ' !!!

No comments:

Post a Comment