rajasooyam

Wednesday, November 17, 2010

ഒരു ശുനക ഗാഥ

സൊസൈറ്റിയില്‍നിന്ന് ഡോഗഡ്വാന്‍സെടുത്ത് എംജിആര്‍ സാറ് ഒരല്‍സേഷ്യനെ വാങ്ങിയതും പട്ടിയേയും കൊണ്ട് വീട്ടില്‍ ചെന്നപ്പോള്‍ സഹധര്‍മ്മിണി ജയലളിതച്ചേച്ചി 'പട്ടിയെ വാങ്ങിയ സ്ഥിതിക്ക് ചേട്ടന്‍ ഇനി ഒഎഡിയില്‍ പൊയ്‌ക്കോളൂ' എന്ന് മൊഴിഞ്ഞതും അപ്പറഞ്ഞതിന്റെ ആന്തരാര്‍ത്ഥമാലോചിച്ച് എംജിആര്‍ ദിവസങ്ങളോളം തല പുണ്ണാക്കിയതും മാന്യ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ലല്ലൊ. പ്രസ്തുത സംഗതിയുടെ ഒരു ടിപ്പണിയാണ് ഇനി പറയാന്‍ പോകുന്നത്.
ഒരു ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഒരു യാത്രാമദ്ധ്യേ ബിആര്‍ എംജിആറിന്റെ വീട്ടിലെത്തുന്നു. എംജിആര്‍ ഊണുകഴിക്കാനുള്ള പുറപ്പാടിലായിരുന്നു. ഊണുകഴിക്കാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ബിആര്‍ പറഞ്ഞു: 'നോ, താങ്ക്‌സ്. ഒരു ഗ്ലാസ്സ് വെള്ളം മതി.''
'എങ്കില്‍ ഞാന്‍ കഴിക്കട്ടെ''.
'ബൈ ഓള്‍ മീന്‍സ്''
' ഇല്ല. ഇന്ന് മീന്‍കറിയില്ല. ചെലപ്പൊ ബീഫ്ണ്ടാവും.''
ബിആറിന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കൊണ്ടുതന്നിട്ട് എംജിആര്‍ അകത്തേക്ക് വലിഞ്ഞു.
സിറ്റൗട്ടിലിരുന്ന് നാരങ്ങാവെള്ളം സിപ്പ് ചെയ്യുമ്പോള്‍ അകത്തുനിന്ന് പതിഞ്ഞസ്വരത്തില്‍ ഒരു സംഭാഷണം പുറത്തേക്കുവരുന്നത് ബിആര്‍ കേട്ടു.
എംജിആര്‍ ജയലളിതച്ചേച്ചിയോട് ചോദിക്കുകയാണ്:
-എന്താ ഈ ചോറ് പഴകിയതാണോ?
-ദേ മനുഷ്യാ. വേണ്ടാതീനം പറയരുത്. പട്ടിക്ക് കൊടുത്തേന്റെ ബാക്കി ചോറാ ഇത്. അതെങ്ങനെ ചീത്തയാവാനാണ്.
-അതു പോട്ടെ. ബീഫ് കറിയില്ലേ?
-പട്ടിക്ക് കൊടുത്തേന്റെ ബാക്കി കൊറച്ചിരിപ്പുണ്ട്. വൈകീട്ട് അവനുതന്നെ കൊടുക്കാമെന്നുകരുതി മാറ്റി വെച്ചതാ. വേണെങ്കില്‍ തരാം.
-വേണ്ട. ഒരോംലെറ്റ് മതി.
-അതു കൊള്ളാം. രണ്ട് കോഴിമുട്ടയല്ലേ വാങ്ങിക്കൊണ്ടുവന്നത്. അതുകൊണ്ട് ഒരു ഡബ്ള്‍ ഓംലെറ്റുണ്ടാക്കി ഞാന്‍ പട്ടിക്ക് കൊടുത്തു. അവന്‍ അത് മുഴുവന്‍ തട്ടി.
-ച്ചാല്‍ അതിന്റേയും ബാക്കിയില്ലെന്നര്‍ത്ഥം.
-അതെയതെ.
പിന്നത്തെ സംഭാഷണം മ്യൂട് മോഡിലായിരുന്നു. അത് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എവിടെയോ എന്തോ സ്‌പെല്ലിംഗ് മിസ്റ്റേക്കുള്ളതായി തോന്നി ബിആറിന്.
ഊണുകഴിഞ്ഞ് ഒന്നാന്തരമൊരേമ്പക്കംവിട്ട് എംജിആര്‍ സിറ്റൗട്ടിലേക്ക് വന്നപ്പോള്‍ ബിആര്‍ ചോദിച്ചു:
-പട്ടിക്ക് സുഖം തന്നെയല്ലേ?
അന്നേരം എംജിആര്‍ പറഞ്ഞു:
-പരമസുഖം തന്നെയിഷ്‌ടോ. നല്ല ഒന്നാന്തരം കുടുംബത്തില്‍ പിറന്ന പട്ടിയാണവന്‍. പഴഞ്ചോറൊന്നും കഴിക്കില്ല. ഫ്രെഷ് ആയി വേവിച്ച ജീരകച്ചെമ്പാവിന്റെ ചോറേ കഴിക്കൂ. അതുപോലെ തന്നെയാണ് ഇറച്ചിയുടെ കാര്യവും. ഇറച്ചിക്കടയില്‍നിന്നുകിട്ടുന്ന വെട്ടിക്കൂട്ടൊന്നും അവന്‍ തൊടുകയേയില്ല. നല്ല മസാലയിട്ടുവേവിച്ച ബീഫേ കഴിക്കൂ. മീനാണെങ്കില്‍ നടുക്കഷ്ണം തന്നെ വേണം. ഇടനേരങ്ങളില്‍ പാലും മുട്ടയും കൊടുക്കണം. അതുകൊണ്ടെന്തായി. വീട്ടിലിപ്പോള്‍ സുഖഭക്ഷണമാണ് ഞങ്ങള്‍ക്ക്. ഭക്ഷണമെല്ലാം തയ്യാറാക്കിയശേഷം പട്ടിക്കുള്ളത് മാറ്റിവെച്ച് ബാക്കിയുള്ളത് ഞങ്ങളെടുക്കും.
ഇതുകേട്ടതും ബിആറിന് എന്തെന്നില്ലാത്ത പശ്ചാത്താപം തോന്നി. ഛെ. ഈ ആദര്‍ശദമ്പതികളെ താന്‍ വല്ലാതെ തെറ്റിദ്ധരിച്ചല്ലൊ.
ഏറെ നേരം ചിന്തിച്ച ശേഷം തെറ്റിദ്ധരിച്ചതിന് പ്രായശ്ചിത്തമെന്നോണം ബിആര്‍ എംജിആറിനോട് പറഞ്ഞു:
-അയാം റിയലി സോറി എംജിആര്‍. ഐ ഹെയ്റ്റ് മൈസെല്‍ഫ്. ഞാന്‍ നിങ്ങളെ വല്ലാതെ തെറ്റിദ്ധരിച്ചു...
-ബിആര്‍ എന്താണ് ധരിച്ചത്?
-പട്ടി കഴിച്ചതിന്റെ ബാക്കിയാണ് ജയലളിതച്ചേച്ചി എംജിആറണ്ണന് തരുന്നതെന്ന്!
******

1 comment:

  1. MGR had stomach disorder and had to be hospitalized.
    -what did u have today? Doctor asked.
    -I reached home today morning after two weeks at tvm?
    -yes; then what happened?
    -had domestic breakfast!
    -that cannot be the reason, interfered jayalalitha. our dog 'rsyasrangan' who had the same food is all right.

    ReplyDelete